Chalacithram
ചലച്ചിത്രം

അഭിനയജീവിതത്തിൽ വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു മലയാള സിനിമയിൽ അംഗീകാരം സൃഷ്ടിച്ച അഗ്രഗണ്യനായ നടനാണ് കൊച്ചിൻ ഹനീഫ. അധികവും വില്ലൻ വേഷങ്ങളിലൂടെയാണ് ഹനീഫ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ഒരു പ്രത്യേക സ്റ്റൈലിൽ വില്ലൻന്റെ റോൾ അവതരിപ്പിക്കുന്ന ഹനീഫ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്തത് കുറഞ്ഞൊരു കാലയളവു കൊണ്ടാണ്. മുഖത്തുവരുത്തുന്ന ഭാവാഭിനയത്തിൽ കൃത്രിമത്വമില്ലെന്ന് തെളിയിക്കാൻ ഹനീഫയുടേതായി നിരവധി കഥാപാത്രങ്ങൾ നിരത്തിവെക്കാൻ കഴിയും. വ്യത്യസ്‌തശൈലിയും അവതരണത്തിലുള്ള പ്രത്യേകസിദ്ധിയുമാണ്   ഹനീഫയെ ഫീൽഡിൽ പിടിച്ചുനിർത്തിയത്.

അഭിനയ സാധ്യതകളുള്ള  ചിത്രങ്ങളിൽ നല്ല അഭിനയം പ്രകടമാക്കാൻ ഹനീഫയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങൾക്ക് ഇന്നത്തെ പല വില്ലൻ നടന്മാരെക്കാളും തേജസും ഓജസും നൽകിയ നടനാണ് ഹനീഫ. ഹനീഫ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ ഇതു ബോധ്യമാകും. ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിൽ ഹനീഫ ഒരു പൊട്ടൻ്റെ വേഷമായിരുന്നു ചെയ്തിരുന്നത്. ആ പൊട്ടൻ വേഷം ഹനീഫയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. ആട്ടക്കലാശം, ധീര, താളം തെറ്റിയ താരാട്ട്, ആ രാത്രി തുടങ്ങി എത്രയെത്ര ചിത്രങ്ങളിലാണ് ഹനീഫ അഭിനയത്തിൻ്റെ നിപുണത തെളിയിച്ചിരിക്കുന്നത് . വ്യത്യസ്‌ത  കഥാപാത്രങ്ങൾക്കു ജീവനേകി സംതൃപ്തിയുടെ ഉച്ചകോടിയിലെത്തിയ പ്രേക്ഷകലക്ഷങ്ങൾ ഹനീഫയെ സഹർഷം സ്വീകരിച്ചു.

അഭിനയത്തിൽ മാത്രമല്ല കഥാരചനയിലും ഹനീഫ സമർത്ഥനാണ്. ഇതിഹാസം, ആരംഭം, കൊടുങ്കാറ്റ്, ധീര തുടങ്ങിയ ചിത്രങ്ങളുടെ കഥ ഹനീഫയുടേതായിരുന്നു.  എല്ലാം ഹിറ്റ് ചിത്രങ്ങളാണ്. സംഭവബഹുലമായ കഥയ്ക്ക് ജോഷി സിനിമാരൂപം നൽകിയപ്പോൾ എല്ലാം വിജയിച്ചു. അക്കാലയളവിൽ ജോഷി-കൊച്ചിൻ ഹനീഫ ടീം പ്രേക്ഷകർക്കും ഒരു  ഹരമായിരുന്നു. നിരവധി ചിത്രങ്ങളുടെ   തിരക്കഥ-സംഭാഷണവും ഹനീഫ തയാറാക്കിയിട്ടുണ്ട്. അടിസ്ഥാനവും അടിത്തറയുമുള്ള കരുത്തുറ്റ തിരക്കഥയ്ക്ക് കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾ എഴുതുന്നതിൽ ഹനീഫ മികവുകാട്ടി. നൂറിലധികം ദിവസങ്ങളോടിയ താളം തെറ്റിയ താരാട്ടിൻ്റ തിരക്കഥ- സംഭാഷണം ഹനീഫ എഴുതിയതായിരുന്നു. 

ഈ അടുത്തകാലത്തിറങ്ങിയ “ഒരു സന്ദേശംകൂടി”  എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തേയ്ക്കും കാലുറപ്പിച്ചു. സിനിമയുടെ ഓരോ ഫ്രെയിമും വിശകലനം ചെയ്യാൻ കഴിവുള്ള സംവിധായകനാണ് താനെന്ന് ആ ചിത്രത്തിലൂടെ ഹനീഫ തെളിയിച്ചു. 

Cochin Haneefa old photo 1986

ഈയിടെ പ്രിയദർശൻ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ തിരുവനന്തപുരത്തെത്തിയ ഹനീഫയെ മസ്കറ്റ് ഹോട്ടലിൽവച്ചു കണ്ടപ്പോൾ ചോദിച്ചു  “സംവിധാനരംഗത്തേയ്ക്ക് കടന്നിരിക്കുന്ന താങ്കൾ ഇനിയും അഭിനയരംഗത്തുമാത്രമായി ഒതുങ്ങിക്കൂടുകയാണോ?”

അപ്പോൾ ഹനീഫ പറഞ്ഞു.”മേയ് ആദ്യവാരത്തിൽ എന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. അതിൻ്റെ ചില ആവിശ്യങ്ങൾക്കായിട്ടാണ് ഞാൻ തിരുവനന്തപുരത്തുവന്നത്. സത്യത്തിൽ അഭിനയിക്കാനായിരുന്നില്ല.  ഇതിനിടയ്ക്ക് പ്രിയനുമായി കൂട്ടിമുട്ടി. പ്രിയൻ എന്നെ പിടികൂടി. ഞാൻ ചെയ്താലെ നന്നാകൂ എന്ന് നിർബന്ധം പറഞ്ഞു.അങ്ങനെയാണ് ഇവിടെ ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത്.

“രണ്ടാമത്തെ ചിത്രം കഴിഞ്ഞനവംബറിൽ തുടങ്ങാനായിരുന്നല്ലോ പരിപാടി. പിന്നെ ഇത്രയും ദീർഘിക്കാൻ കാരണം?”-ചോദ്യം.

“മമ്മൂട്ടിയാണ്.എൻ്റെ പുതിയ ചിത്രത്തിലെയും നായകൻ. ഞാൻ സൃഷ്ടിച്ചിരിക്കുന്ന കഥാപാത്രം മമ്മൂട്ടി എടുത്താലെ നന്നാകൂ. മമ്മൂട്ടിക്കും ഡേറ്റില്ല. നവംബറിൽ ഒരു അഡ്ജസ്റ്റുമെന്റ് കാൾഷീറ്റ് തരാമെന്നു പറഞ്ഞിരുന്നതിനാൽ പുതിയപടം അപ്പോൾ തുടങ്ങാൻ പരിപാടിയിട്ടു. പക്ഷെ ചില സാങ്കേതിക കാരണങ്ങളാൽ ആ അഡ്‌ജസ്റ്റ്മെന്റ് തെറ്റി. മമ്മൂട്ടിയുടെയും കുറ്റമല്ല. അങ്ങനെ പിന്നെയും നീണ്ടു. ഇടക്കെങ്ങും മമ്മൂട്ടിക്കും ഡേറ്റില്ലായിരുന്നു. ഇപ്പോൾ പുതിയ ചിത്രം മേയ് അഞ്ചിനു് തുടങ്ങും.

എറണാകുളമായിരിക്കും ലൊക്കേഷൻ. പാട്ടുകളുടെ റിക്കാർഡിംഗ് ഏപ്രിൽ 11-നാണ്. രണ്ടു പാട്ടുകളുണ്ട്.”

“ എന്താണ് ചിത്രത്തിന്റെ പേര് ?”

“മൂന്നു മാസങ്ങൾക്കു മുമ്പ്”.   

 “ആരാണ് പ്രൊഡ്യൂസർ.” 

 “പ്രൊഡ്യൂസർ പുതിയ ആളാണ്. മുഹമ്മദ് എന്നു പറയും. മലപ്പുറം സ്വദേശി. ആൾ ഗൾഫിലാണ്. മണ്ണിൽ പ്രൊഡക്‌ഷൻസിൻറെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത് . തുടർന്നും സിനിമയെടുക്കാൻ ഉദ്ദേശമുണ്ട്. രണ്ടാമത്തെ ചിത്രം ആഗസ്റ്റിൽ ആരംഭിക്കും.”

“മൂന്നു മാസങ്ങൾക്കു മുമ്പ്”  എന്താണ് അതിൻ്റെ തീം?

പക്കാ കുടുംബകഥയാണ്. പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.

സ്ത്രീകൾക്കു് കണ്ണുനനയാനുള്ള അവസരങ്ങളുമുണ്ട്.

മമ്മൂട്ടി കൂടാതെ ആരൊക്കെയാണ് അഭിനയിക്കുന്നത്..?. പുതുമുഖങ്ങളെ പരിചയപ്പെടുത്തുന്നുണ്ടോ..?

“ഇല്ല. പുതുമുഖങ്ങളില്ല. മമ്മട്ടിയുടെ നായികമാരായി അംബികയും ഉർവശിയും അഭിനയിക്കുന്നു. അംബികയുടെ മലയാളത്തിലേയ്ക്കുള്ള ശക്തമായ തിരിച്ചുവരവായിരിക്കും ഈ ചിത്രം”.  സിനിമാസങ്കൽപ്പത്തിലെ പൗരുഷത്വത്തിൻെറയും ശക്തിയുടെയും പ്രതിനിധിയായ ഹനീഫ പറഞ്ഞു.

കാലഘട്ടത്തിൻെറ ചൈതന്യമായി തീരാൻ പോകുന്ന യുവസംവിധായകൻ ഹനീഫ സംവിധാന ക്രിയയിലും പവിഴമുത്തുകൾ വാരിവിതറാൻ പോകുന്നു.

1986 മെയ് 14 ലക്കം ചലച്ചിത്രം വാരികയിൽ പ്രസിദ്ധീകരിച്ചത്.
©Chalachithram/1986

In brief: A 1986 Chalachithram profile of Cochin Haneefa highlights his versatility as an actor, screenwriter, and emerging director in Malayalam cinema, best known for his distinctive villain roles and his successful creative partnership with director Joshi. Caught in Thiruvananthapuram for a Priyadarshan film, he reveals his next directorial venture Moonnu Maasangalku Mumbu, starring Mammootty, Ambika, and Urvashi, set to begin shooting in May of that year.