T. A. Joseph
ചലച്ചിത്രം

എൺപത്തിരണ്ടു എൺപത്തിമൂന്ന് കാലഘട്ടങ്ങൾ മലയാള സിനിമക്ക് മറക്കാൻ സാധിക്കില്ല. കാരണം ആ കാലത്താണ് അഭിനയത്തിൽ പുതിയ സങ്കല്പങ്ങളുമായി ഒട്ടേറെ ചെറുപ്പക്കാർ നമ്മുടെ ഇടയിലേക്ക് കടന്നുവന്നത്. മോഹൻലാൽ, മമ്മൂട്ടി, ശങ്കർ എന്നിവർ അക്കൂട്ടത്തിൽ പ്രധാനികളാണ്. ഇവരിൽ ശങ്കറായിരുന്നു ആദ്യകാലത്ത് മുൻപന്തിയിൽ നിന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ വൻ വിജയത്തിന് ശേഷം ശങ്കർ മലയാള സിനിമയിലെ ഒരു ആവശ്യമായിരുന്നു-കുറച്ചുനാൾ. പക്ഷേ പിന്നീടെന്തോ ആദ്യകാല ചിത്രങ്ങൾ പോലെ ശങ്കറിന്റെ ചിത്രങ്ങൾ എല്ലാം വിജയങ്ങളായില്ല ശങ്കറെടുത്ത വേഷങ്ങൾക്കും പരിധികളുണ്ടായിരുന്നു.

പക്ഷേ പിന്നീട് മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ കുതിച്ചുകയറ്റം പെട്ടെന്നായിരുന്നുവെന്നു പറയാം. ചെറിയ വേഷങ്ങളിലൂടെ അവർ കാണികളുടെ മനം കവർന്ന് ഉയരങ്ങളിലെത്തി. ഇതിൽ മോഹൻലാലിന്റെ വളർച്ചയ്ക്ക് മറ്റൊരു വശം കൂടിയുണ്ട്. വില്ലൻ വേഷങ്ങളിൽ കൂടി രംഗത്തുവന്ന ലാലിന്റെ നായക സ്ഥാനത്തേക്കുള്ള പടിമാറ്റം തികച്ചും അത്ഭുതമുളവാക്കുന്നതാണ്. അതു പക്ഷേ തൊട്ടതെല്ലാം പൊന്നാക്കാനുള്ള അത്ഭുതസിദ്ധി കൊണ്ട് മാത്രമാണ്. മോഹൻലാൽ ഉണ്ടെങ്കിൽ നിർമാതാവിന്റെ മുടക്ക് കാശെങ്കിലും കിട്ടുമെന്നുള്ള ഉറപ്പുള്ളതുകൊണ്ടാണ്. ഇപ്പോഴിതാ ലാൽ ഉയരങ്ങളിൽ, അഭിനയം ഒരു തപസ്യയായി കരുതി കുതിക്കുന്നു.

1960ൽ പത്തനംതിട്ടയിൽ ജനിച്ച ലാൽ ഇപ്പോഴും പഴയ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോയിരുന്നെങ്കിലെന്നാശിക്കുന്നയാളാണ്. ഈ തിരക്കുപിടിച്ച നിമിഷങ്ങൾ പോലും മറ്റുള്ളവർക്കായി വീതിക്കുന്ന ഈ സമയത്തും ഒഴിവുസമയങ്ങൾ കൂട്ടുകാരുമൊത്ത് സ്വറ പറഞ്ഞിരിക്കുന്നതിലും, ആരാധകർക്ക് മറുപടി എഴുതുന്നതിലും സംതൃപ്തി കണ്ടെത്തുന്നു. വീടും അച്ഛനും അമ്മയും വീടിന്റെ പരിസരവും ഇപ്പോഴും ലാലിൽ നവ്യാനുഭൂതി ഉണർത്തുന്നു. വീട്ടിൽ ചിലവഴിക്കുന്ന നിമിഷങ്ങളിലെ ആഹ്ലാദം നൊട്ടിയിറക്കിയാലെന്നപോൽ ലാൽ പറഞ്ഞു: വീടും വീടിന്റെ പരിസരവുമാണ് ഇപ്പോഴും എന്റെ സുഖവാസകേന്ദ്രം. അതിനപ്പുറം ആർക്കും എന്താണുള്ളത്.

പ്രശസ്തനായ വിൻസന്റ് മാസ്റ്ററുടെ കൃഷ്ണപരുന്തിന്റെ ചിത്രീകരണ വേളയിലെ ചില സൗഹൃദ നിമിഷങ്ങളിൽ ആണ് ലാൽ തന്റെ മനസ്സ് തുറന്നത്. കൃഷ്ണപരുന്തിലെ മന്ത്രതന്ത്രങ്ങൾ കൊണ്ട് ജീവിതം പന്താടിയ കുമാരൻതമ്പിയെന്ന ശക്തനായ കഥാപാത്രത്തെ ലാൽ ആണ് അനശ്വരമാക്കിയിരിക്കുന്നത്. കാഴ്ചയിൽ ലാൽ അപ്പോൾ തികച്ചും കുമാരൻതമ്പിയായിരുന്നു മുടി ഒരു വശത്ത് കെട്ടി കുടുമയാക്കിയിരിക്കുന്നു. മുഖത്തു കുറ്റിരോമങ്ങൾ. കാതിൽ ചുവന്ന കടുക്കൻ, കഴുത്തിൽ സ്വർണ്ണമാല, കയ്യിൽ വള രണ്ടാം മുണ്ട് തോളിൽ പോരാത്തതിന് ഉടുമുണ്ടിനടിയിൽ കൗപീനവും ആകെക്കൂടി കൃഷ്ണപ്പരുന്ത് വായിക്കുമ്പോൾ മനസ്സിൽ പതിഞ്ഞ അതേരൂപം ഓരോ ഷോട്ട് എടുക്കുമ്പോഴും ലാൽ കുമാരൻതമ്പിയായി മാറുകയായിരുന്നു.

Mohanlal in krishnaparunth movie 1984

കൃഷ്ണപ്പരുന്തിന്റെ ചിത്രീകരണം കാരണം ഒന്നു രണ്ടു ചിത്രങ്ങളെങ്കിലും ലാലിന് നഷ്ടപ്പെട്ടിട്ടില്ലേ? ഞാൻ ചോദിച്ചു. എന്റെ ചോദ്യത്തിന് കാരണമുണ്ടായിരുന്നു ലാൽ തന്റെ അഭിനയ ജീവിതത്തിൽ ഒരു ചിത്രത്തിനുവേണ്ടി ഏറ്റവും കൂടുതൽ ദിവസങ്ങൾ കൊടുത്തത് കൃഷ്ണപ്പരുന്തിനാണ്.

ഹേയ് അങ്ങനില്ല ചിലപ്പോൾ പോയിട്ടുണ്ടെന്നും വരാം. ലാൽ തുടർന്നു. പക്ഷേ മറ്റു പടങ്ങൾ പോകുമെന്ന് ഭയന്ന് കുറച്ചു ദിവസങ്ങൾ കൊണ്ട് അഭിനയിച്ച ഫലിപ്പിക്കാവുന്ന കഥാപാത്രമല്ല കുമാരൻതമ്പി. ഞാൻ ഈ ചിത്രത്തിൽ ഏകദേശം ഒരു മാസം തുടർന്ന് അഭിനയിച്ചു ഇതൊരു തപസ്യ പോലെയായിരുന്നു കുമാരൻ തമ്പിയുടെ ഓരോ ചലനങ്ങളും ഭാവങ്ങളും ഉള്ളിലാവാഹിക്കാൻ ഞാൻ ശ്രമിച്ചു സത്യത്തിൽ ഇപ്പോൾ ആ പഴയ കാലഘട്ടത്തിൽ നിൽക്കുന്ന പ്രതീതി.

ഇതുവരെയായി, ഈ ചുരുങ്ങിയ കാലംകൊണ്ട് ലാൽ ഏകദേശം എൺപത് ചിത്രങ്ങളിൽ അഭിനയിച്ചു. ലാലും ലാലിന്റെ ജീവിതവും ഒരു അത്ഭുതമാണ്ഈ.

ചെറിയ കാലയളവിൽ എൺപത് ചിത്രങ്ങളിൽ അഭിനയിക്കുകയും ഈ ചിത്രങ്ങളിലൊക്കെ തന്നെ തന്റെ കഴിവിന്റെ സീമകൾ ഇനിയും ഉണ്ടെന്ന് തെളിയിക്കുകയും ചെയ്തതാണ് ലാലിന്റെ ഈ മുന്നേറ്റത്തിന് കാരണം.

സത്യത്തിൽ ലാലിനിപ്പോൾ സാധാരണ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ പതിന്മടങ്ങ് തിരക്കാണ്. കൃഷ്ണപ്പരുന്ത് കഴിഞ്ഞാലുടൻ തന്നെ സത്യൻ അന്തിക്കാടിന്റെ ഒരു ചിത്രത്തിനായി അമേരിക്കയിലേക്ക് പോകുകയാണ് ലാൽ. സെറ്റിൽ നിന്ന് സെറ്റുകളിലേക്ക്, സമയത്തിന്റെ സൂചിക്ക് മുമ്പേ നിർമാതാക്കൾക്കായി കുതിക്കുന്ന ലാലിനെപ്പറ്റി ആർക്കും യാതൊരു പരാതിയുമില്ല. സഹപ്രവർത്തകരോടോ, ആരാധകരോടോ, നിർമാതാക്കളോടോ, സൂപ്പർസ്റ്റാറിന്റെ യാതൊരുവിധ ഭാവങ്ങളും ലാലിൽ നിന്നുണ്ടാകത്തില്ല.

ഇവിടെ എനിക്കൊരു സമയമുണ്ട്. ആ സമയത്ത് എനിക്കാവുന്നത് ഞാൻ ചെയ്യുന്നു. ഭാവിതലമുറക്ക് ഓർത്തു വെക്കുവാൻ എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അത് സാധിക്കുമെന്ന് തോന്നുന്നു അതുമാത്രമാണെന്റെ ലക്ഷ്യം. അതിനിടയിൽ പിന്നെന്തിന് സൂപ്പർമസി കാണിക്കണം. ഞാൻ ദേവനൊന്നുമല്ല, സർവ്വവിധ വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു മനുഷ്യൻ മാത്രം.

ലാലിന്റെ വാക്കുകൾ മനസ്സിൽ നിന്നുള്ളവയായിരുന്നു. പത്രക്കാരെ സംഘം ചേർക്കുവാനുള്ള പൊള്ളവാക്കുകളല്ലെന്ന് ലാലിന്റെ മുഖംതന്നെ പറയുന്നു. ഈ കാലഘട്ടത്തിൽ ആബാലവൃദ്ധം ജനങ്ങളുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ നടനാണ് മോഹൻലാൽ. ഈയിടെ ഇറങ്ങിയ ഉണരൂ, കളിയിൽ അല്പം കാര്യം, പൂച്ചയ്‌ക്കൊരു മൂക്കുത്തി, ലക്ഷമാണരേഖ തുടങ്ങിയവയൊക്കെ ലാലിനെ നമുക്ക് കാണിച്ച് തരുന്നു. ഗോസിപ്പ് കോളങ്ങളിൽ പ്രത്യക്ഷപ്പെടാതെ, അറിയാതെ വീണുകിട്ടുന്ന മണിമുത്തുകളിൽ പോലും, കഥാപ്രത്രത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ലാലിന്റെ വർഷമാണിത്.

വാക്കുകളിൽ മധുരം ചേർക്കാതെ, മറയില്ലാതെ സംസാരിക്കുകയും, പെരുമാറുകയും ചെയ്യുന്ന ലാലിന്റെ അടുത്ത് നിന്നും പിരിയുമ്പോൾ ലാൽ പറഞ്ഞു:

ഇനിയും കാണണം, നിങ്ങളും പ്രേക്ഷകരുമാണെന്റെ വിധികർത്താക്കൾ. ഏതുചിത്രം വന്നാലും ശരിക്കും വിമർശിക്കണം. എന്നിരുന്നാലേ എനിക്ക് കൂടുതൽ നന്നായി എന്തെങ്കിലും ചെയ്യാൻ പറ്റൂ.

ഇവിടെ നാം ലാലിനെ മനസ്സിലാക്കുന്നു. ലാലിനുള്ളിലെ യഥാർത്ഥ കലാകാരനെ മനസ്സിലാക്കുന്നു. ഇത്തിരി കയ്യടി കിട്ടിയാൽ തലക്കനം വെക്കുന്ന ഈ രംഗത്ത് ലാലിനെ പോലുള്ളവർ ഒരു അനുഗ്രഹമാണ്. അഭിനയത്തിന്റെ ആത്മാവ് കണ്ടെത്തുന്ന ഒരു അത്ഭുതമാണ്.

1984 ജൂൺ 27 ചലച്ചിത്രം വാരികയിൽ പ്രസിദ്ധീകരിച്ച ടി എ ജോസഫ് എഴുതിയ ലേഖനം.
©ChalachithramWeekly/1984

In Brief: A 1984 Chalachithram profile of Mohanlal, written during the shooting of Krishnapparunth, portrays a 24-year-old actor already eighty films deep who approaches each role as a spiritual discipline — immersing himself completely in characters like Kumaranthamppi while remaining disarmingly humble, accessible, and critical-feedback-welcoming, qualities the writer sees as rare gifts in a fame-intoxicated industry.