Davis Thanikkal
Express

നിറങ്ങളുടെ നിശ്ശബ്ദമായ മായാലോകം സൃഷ്ടിക്കുന്ന ‘ചീനവെടി’യിൽനിന്നും ദേഹമാകെ കിടുങ്ങുന്ന ‘ഗർഭകലക്കി’യിലേക്ക് കരിമരുന്നുഭ്യാസം വളർന്നതിന്റെ പിറകിലും “തൃശ്ശൂർ പൂരം” എന്ന നാലക്ഷരം വഴിമരുന്നായി.

വെടിക്കെട്ടിന്റെ മാസ്മരമന്ത്രങ്ങൾ ജനിച്ചത് തൃശ്ശൂർ പൂരത്തിനാണ്. ആ ദൃശ്യ-ശ്രാവ്യകലയുടെ അന്ത്യത്തിനും പൂരംതന്നെ തീ കൊളുത്തുമോ എന്ന് പഴമക്കാരെങ്കിലും പരസ്പരം ചോദിച്ചു തുടങ്ങിയിരിക്കുന്നു. മനോഹാരിതയിൽ നിന്നും ശബ്ദത്തിന്റെ ഭയാനകതയിലേക്ക് വെടിക്കെട്ടു് വഴുതി വീണുകൊണ്ടിരിക്കുമ്പോൾ ഈ സംശയം സ്വാഭാവികം.

നെഞ്ചുലക്കുന്ന ശബ്ദം വഴിമാറിയാൽ വെടിക്കെട്ടിന്റെ ആകർഷണീയത വർദ്ധിക്കുമെന്നു മാത്രമല്ല, നഗരം അന്ന് ഇളകിമറിയുന്നൊരു ആൾക്കടലായി രൂപപ്പെടും.

പക്ഷേ, തൃശ്ശൂർ പൂരം വെടിക്കെട്ടു കാണാനെത്തിയവരാരും കാതടപ്പിക്കുന്ന ശബ്ദം കേട്ടു പിൻവാങ്ങിയിട്ടില്ല. ചെവിതളക്കുന്ന അനുഭവം മനസ്സിൽ സൂക്ഷിച്ചുകൊണ്ടു വീണ്ടും വീണ്ടും വരുന്നവരാണധികവും.

വിശ്വപ്രസിദ്ധമായ ഈ മഹാമേളയുടെ പ്രശസ്തി വാനംമുട്ടേ ഉയർത്തിയ വെടിക്കെട്ടിന്റെ തുടക്കം ലളിതമായിരുന്നു. ചീനവെടിയും, മേശപ്പൂവും, മൂളിയും അന്നും പൂരം വെടിക്കെട്ടും ആകർഷകമാക്കി. ദോഷം പറയരുതല്ലോ, അന്നു് പൂരത്തിൽ വെടിക്കെട്ടു വെറും “മൈനസ്സാ”ണ്. ആനക്കും മേളത്തിനുമായിരുന്നു പ്രാധാന്യം. ദേശവഴക്കുകളുടെ വാശിയെല്ലാം നിറഞ്ഞു നിന്നിരുന്നത് ആനകളുടെയും മേളത്തിന്റേയും കാര്യത്തിലായിരുന്നു.

thrissur pooram fireworks old workshop

“മേശപ്പൂവു” കത്തിച്ചു പരസ്പരം എറിഞ്ഞുചതിക്കുന്ന ധിക്കാരികൾ അന്ന് ഉണ്ടായിരുന്നുവെങ്കിലും കാണികളെ കുടുക്കുന്ന അഭ്യാസത്തിലേക്ക് അതിഴഞ്ഞുകയറിയിട്ട് അധികകാലമായിട്ടില്ല.

കതിനപോലും കലയുടെ വഴിക്കു നീങ്ങിയിരുന്ന കാലമായിരുന്നു അന്നൊക്കെ. പൂരം കൊടിയേറിയാൽ കതിന അടിക്കുന്നവർ വ്രതമെടുക്കും. വൈദഗ്‌ദ്ധ്യവും അതീന്ദ്രിയതയും കൈമുതലായിരുന്നു.

മേളം അവസാനകാലങ്ങളിലേക്കു നീങ്ങിത്തുടങ്ങിയാൽ, ഓരോ മേളം തിരിയുമ്പോഴും ‘ടക്’ എന്ന പൊട്ടു കേൾക്കാം. മേളക്കാർ കുമ്പിട്ടുയരുന്നതും പൊട്ടലും ഒരേ നിമിഷത്തിലായിരിക്കും. ആ മർമ്മമറിഞ്ഞു കതിന പൊട്ടിക്കുന്നവർ ഇന്നെത്ര പേരുണ്ട്?

കതിനാശേഖരം ഒരു കലാപത്തിനു വഴിമരുന്നായി മാറിയപ്പോൾ രാജാവുതന്നെ ഇടപെട്ട് അതു നിയന്ത്രിച്ച അനുഭവങ്ങളും തൃശ്ശൂർ പൂരത്തിന്റെ താളുകളിൽ തെളിഞ്ഞുകിടക്കുന്നു.

കളർ ഇനങ്ങളിലേക്കു് വെടിക്കെട്ടിനു പരിണാമം സംഭവിച്ചതിന്റെ പിന്നിലും തൃശ്ശൂരിലെ ‘കതിന കലാപ’മുണ്ട്. കുരിയനും പൊന്നുവീട്ടിൽ ഗോപാലൻനായരും ആ പരിണാമസിദ്ധികളിൽ എന്നും ഓർക്കപ്പെടേണ്ടവരാണു.

പക്ഷേ, ഇന്നത്തെ ആധുനിക വെടിക്കെട്ടു് കാണുമ്പോൾ പഴമക്കാരുടെ ചുണ്ടിൽ തങ്ങിനിൽക്കുന്ന പേരു് വെള്ളാട്ടു് പണിക്കരുടേതുതന്നെ. ‘കുഴിമിന്നൽ’ എന്ന അഭ്യാസം കേരളം കാണുന്നതുതന്നെ പണിക്കരുടെ കാലത്താണത്രെ. നിറങ്ങൾ നീന്തിത്തുടിക്കുന്ന ‘സൈഡ്’ അമിട്ടുകളും പണിക്കർ വിദഗ്ദ്ധമായി അവതരിപ്പിച്ചിരുന്നു.

പണ്ടു് വി. ജി. സ്കൂളിലും സർക്കാർ ഹൈസ്‌കൂളിലുമായി പൂരം പ്രദർശനം നടത്തിയിരുന്ന കാലത്തു് ഒരിക്കൽ ചൊവ്വര തീപ്പെട്ട തമ്പുരാൻ പ്രദർശനം ഉദ്‌ഘാടനം ചെയ്യാനെത്തി. അന്നു് പണിക്കർ തേക്കിൻകാടു് മൈതാനിയിൽ നടത്തിയ കരിമരുന്നുവേല തമ്പുരാന്റെ പ്രശംസയ്ക്കു് പാത്രമായി. ഒരു അമിട്ടു് പല ഘടകങ്ങളായി തിരിഞ്ഞുവിരിയുന്ന കൗതുകം കണ്ടു് തമ്പുരാൻ അത്ഭുതംകൂറിയത്രെ. പക്ഷേ, അത്തരം പ്രകടനങ്ങൾ പിന്നീട് അധികം കാണാൻ കഴിഞ്ഞിട്ടില്ലെന്നു് പഴയ തലമുറക്കാർ പറയുന്നു.

ഓലപ്പടക്കത്തിന്റെ ഉത്ഭവവും ഏറെക്കുറെ ആ കാലഘട്ടത്തിലായിരുന്നു. പക്ഷേ, ഇന്നത്തെപ്പോലെ ശബ്ദത്തിനായിരുന്നില്ല ഭംഗിക്കായിരുന്നു പ്രധാനവും എന്നുമാത്രം. എന്തായാലും ഓലപ്പടക്കത്തിന്റേയും ‘റിഥം’ പൊട്ടിക്കയറുന്ന വെടിക്കെട്ടിനൊരാവേശം തന്നെ. അന്നൊക്കെ കൂട്ടപ്പൊരിച്ചിലിനു് ‘വാണം’ പ്രധാനമായിരുന്നു. മണ്ണിൽനിന്നും പൊട്ടിയുയരുന്ന വെള്ളിമേഘങ്ങൾ പോലെ ആകർഷകമായിരുന്നു അതെല്ലാം.

thrissur pooram fireworks making old photo

എന്നാൽ, ഇന്ന് ആ അഭ്യാസത്തിനു് പരിമിതികളുണ്ടു്. നഗരം വികസിച്ചു. കെട്ടിടങ്ങൾ പെരുകി. ഇനി പഴയപോലെ ‘വാണം’ കത്തിച്ചാൽ സുരക്ഷിതഭീഷണി തലപൊക്കും. ഇരുപത്തിനാല് നിലവരെ അമിട്ടുപൊട്ടിയ കാലങ്ങളുണ്ടായിരുന്നു. സുരക്ഷിതത്വം കരുതി പിന്നീടത് നിയന്ത്രിച്ചതാണ്. അറുപതുകളുടെ അവസാനത്തോടെയാണ് വെടിക്കെട്ടു് ശബ്ദപ്രാധാന്യമായി മാറിയത്. നഗരത്തിന്റെ സുരക്ഷിതത്വത്തെ കരുതി പഴയകാലത്തിലേക്കുള്ള ഒരു തിരിച്ചിപ്പോക്കു് സമീപഭാവിയിൽ ഉണ്ടായിക്കൂടെ?

പൂരത്തിലെ മേളങ്ങളും ‘രൗദ്ര’ ഭാവത്തിൽനിന്നും ‘സൗമ്യ’തയിലേക്കു് മടങ്ങിപ്പോകുന്ന പ്രവണത കണ്ടുവരികയാണല്ലോ? വെടിക്കെട്ടിനും ഈ പാത വൈകാതെ പാകപ്പെടേണ്ടിവരും.

ദേശക്കാരുടെ അധ്വാനത്തിൽ നിന്നും കരാറുകാരന്റെ ചുമതലയിലേക്കു് വെടിക്കെട്ടു് വഴിതെറ്റിപ്പോയിട്ടു് അധികം കാലമായിട്ടില്ല. മുളംതൂണിൽ കുംഭങ്ങൾ ഘടിപ്പിക്കുന്ന ‘കമ്പക്കാൽ’ ഇന്നു് അപൂർവ്വമായി. മൈതാനമാകെ പരതി പായുന്ന ‘പകിരി’യും രണ്ടാമുണ്ട് വീശുന്ന കാണികളും അന്നൊരു കാഴ്ചയായിരുന്നു.

പണ്ടു് കൗതുകക്കാഴ്ചയായിരുന്ന ‘മൂളി’ ഇന്ന് പേരിനുമാത്രമാണ് പൂരത്തിൽ മുഖം കാട്ടുന്നതു്. ‘ഗഡു’ക്കളായുള്ള അലർച്ചയോടെ കുംഭത്തിൽ നിന്നുയരുന്ന തീപ്പൊരികൾ പണ്ടൊക്കെ പൂരത്തിന്റെ ആകർഷണകേന്ദ്രമായിരുന്നു. ഇന്നു് ഈ ശബ്ദം തുടർച്ചയായി ഏതാണ്ടു് മിനിറ്റു ശ്രവിക്കണമെങ്കിൽ മാനത്തു് വല്ലപ്പോഴും മേയുന്ന വിമാനം വേണം.

thrissur pooram old fireworks ground

‘അടക്കംപെട്ടി’യും അന്യംനിന്നുപോയ ലക്ഷണമാണ്. പലവിധത്തിലുള്ള കുംഭങ്ങൾ ഒന്നിച്ചു കെട്ടി തീ കൊളുത്തുന്ന ഈ അഭ്യാസം പഴഞ്ചനാണെന്ന തോന്നലാണത്രെ പുതിയ തലമുറയ്ക്കു്. ഒരു കുംഭത്തിൽ നിന്നും പകിരി പോയാൽ മറുകുംഭം നിറങ്ങൾ നിരത്തും അടുത്ത കുംഭം ഗുണ്ടായിരിക്കും ഉയരുക. ഇങ്ങനെ വൈവിധ്യമാർന്ന കുംഭങ്ങൾക്ക് ഒന്നിച്ചാണ് തീകൊളുത്തുന്നതെന്നത് വേറൊരു സവിശേഷത. തിരികൾ കൂട്ടി ഇണക്കുന്നതിലാണു് ‘അടക്കംപെട്ടി’യുടെ പ്രത്യേകത. പണ്ടു് പൂരത്തിനുള്ള എല്ലാ ഇനങ്ങളും അടക്കാപെട്ടി തുടക്കത്തിൽ കാണിക്കും.

തൃശ്ശൂർ പൂരം വെടിക്കെട്ടിന്റെ ആധുനികതയിലേക്കുള്ള പ്രയാണത്തിൽ ഓർമിക്കപ്പെടേണ്ട പല പേരുകളുമുണ്ടു്. ചേലപ്പാടൻ അന്തോണി, മക്കളായ ഫ്രാൻസീസ് റപ്പായി, വടക്കേത്തല കൊച്ചാപ്പു, കരേക്കാട്ടിൽ ജോസ്, നാരായണനെഴുത്തച്ഛൻ, മകൻ ശശി, ഒലവക്കോട് വേലായുധൻ, വടക്കാഞ്ചേരി വേലാൻകുട്ടി, അത്താണി ദേവസ്സി, കാവശ്ശേരി സുബ്രഹ്മണ്യകുരുക്കൾ, കുഴൽമന്ദം ഗോവിന്ദൻ, നീലങ്കാവിൽ ജോസ്, വടക്കേത്തല പോൾ, പൊന്തേക്കൻ ജോസ് എന്നിവരെല്ലാം ആ ഗണത്തിൽപ്പെടുന്നു.

തിരുവമ്പാടി-പാറമേക്കാവ് തട്ടകങ്ങളിലെ ചെറുപ്പക്കാർക്ക് പൂരമെന്നു പറഞ്ഞാൽത്തന്നെ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പാണു്. ‘കുറഞ്ഞ ഉയരം, കൂടുതൽ ശബ്ദം’ രഹസ്യമാണെങ്കിലും അവരുടെ മുദ്രാവാക്യമിതാണു്. മിനിറ്റുകൾക്കകം പൊട്ടിത്തീരുമെങ്കിലും ആ സമയമത്രയും നഗരം കിടുങ്ങണമെന്ന നിർബ്ബന്ധം വെടിക്കെട്ടിന്റെ വാശിയായി മാറിയിരിക്കുന്നു. തീ കൊളുത്തുന്നവരും നെഞ്ചിൽ കൈവെച്ചു് ഓടിയകലുന്നോഴും ‘പൊട്ടു്’ കേൾക്കുന്നവർ പറയും: “കലക്കി” ഈ ‘കലക്ക’ ലിലാണു് വെടിക്കെട്ടിന്റെ സർവ്വ ശ്രദ്ധയും ഇന്നു്.

thrissur pooram fireworks making old photo

1987 മേയ് 06. തൃശൂരിൽ നിന്ന് പുറത്തിറങ്ങിയിരുന്ന എക്സ്പ്രസ്സ് ദിനപത്രത്തിൽ പ്രസിദ്ധീരകരിച്ച ഡേവിസ് താണിക്കൽ എഴുതിയ ലേഖനം.
©Express/1984

In Brief: This 1987 article traces the evolution of Thrissur Pooram’s fireworks from simple, visually elegant displays like the cheenivedi and meshappovu to the deafening, percussion-heavy spectacle it had become by the late 1960s. The author celebrates pioneering pyrotechnicians like Vellatt Panikkar while lamenting the decline of intricate traditional forms such as adakkappetti and mooli, questioning whether the festival’s fireworks might one day return to artistry over sheer noise.