Chalacithram
ചലച്ചിത്രം

“നിങ്ങളുടെ ഗാനങ്ങൾ സംഗീതത്തിലേക്ക് ചെവികൂർപ്പിച്ചിരിക്കുന്നവർ കൂടുതൽ ഇഷ്ടപ്പെടുന്നതിന്റെ കാരണം എന്താണെന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ?”

ഒരു തെലുങ്ക് ചിത്രത്തിന്റെ റെക്കോർഡിങ് കഴിഞ്ഞിറങ്ങിയ പ്രശസ്ത പിന്നണിഗായിക ജാനകിയോട് പ്രസാദിന്റെ വളപ്പിലെ തണൽമരച്ചുവട്ടിൽ വെച്ച് ചോദിച്ചു ചിരിച്ചുകൊണ്ടാ ഗാനകോകിലം പറഞ്ഞു: “അന്വേഷിക്കേണ്ടതില്ല ജനങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ അല്ലെങ്കിൽ ശൈലിയിൽ പാടുക എന്നത് എന്റെ ഒരു കണ്ടുപിടുത്തമാണ് ലളിതസംഗീതം, പ്രത്യേകിച്ച് ചലച്ചിത്ര ഗാനങ്ങൾ ആസ്വദിക്കുന്നവർക്ക് എന്താണ് വേണ്ടത് എന്ന് ഞാൻ പഠിച്ചു ; അവർക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ ഞാൻ പാടുന്നു. അതാണ് രഹസ്യം യുവത്വത്തെ ഇളക്കിമറിക്കുന്ന ശൈലിയും കൊച്ചുകുട്ടികളുടെ സ്വരത്തിലും വാർദ്ധക്യം ബാധിച്ചവരുടെ ശൈലിയും എനിക്ക് സ്വായത്തമാണ്.”

“ഈ വ്യത്യസ്ത ശൈലിയും സ്വരാലാപനവും സ്വായത്തമാക്കിയ നിങ്ങൾ ഈ പാട്ടുകൾ പാടാൻ എത്ര സമയമെടുക്കും?”

“അയ്യോ, എത്ര സമയമോ? ഒരിക്കൽ കേട്ട് എഴുതിയെടുത്താൽ ഞാൻ ഉടനെ പാടും. പാട്ടൊന്നു ഹൃദിസ്ഥമാക്കിയാൽ മതി വയസ്സിസ്വരം വരും കുട്ടിയുടെ ശബ്ദം വരും യുവതിയുടെ മാദക ശബ്ദവും വരും. സംശയമുണ്ടെങ്കിൽ സംഗീതസംവിധായകരോട് ചോദിച്ചോളൂ.”

“ചോദിക്കേണ്ട; അറിയാം. പത്രത്തിനു വേണ്ടി നേരിട്ടൊന്നു അന്വേഷിച്ചു എന്നേയുള്ളൂ.”

“കാണാം. വരട്ടെ.”

“താങ്ക് യൂ.”

ജാനകി പുഞ്ചിരിച്ച് കാറിൽ കയറി.

1988 ഫെബ്രുവരി 24 ലക്കം ചലച്ചിത്രം വാരികയിൽ പ്രസിദ്ധീകരിച്ചത്.
©Chalachithram/1988

In Brief: A brief interview with playback singer S. Janaki, caught outside a recording studio, reveals her simple formula for enduring popularity — she studies what film song listeners want and sings accordingly, effortlessly shifting between the voices of children, youth, and the elderly, a skill she says takes no more time than a single hearing of a song. Published in Chalachithram weekly, 1988.