
‘എഴുത്തുകാരോട് ഒരു വാക്ക്’ എന്ന് പറഞ്ഞുതീരുന്നതിനു മുമ്പ് ഏതൊരു എഴുത്തുകാരനും പെട്ടെന്ന് തോന്നാവുന്ന പ്രതികരണം, “കൂടുതൽ പറഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല. എന്താണ് ആ വാക്കെന്ന് ഞങ്ങൾക്ക് അറിയാം. എത്രയോ കേട്ട് ചെവി തഴമ്പിച്ചതാണ്…” എന്നായിരിക്കും. ഇതന്റെ ഒരു ഊഹം മാത്രമാണ്. സാധാരണരീതിയിൽ എന്റെ പ്രതികരണവും ഇതായിരിക്കും. അതുകൊണ്ടാണ് എഴുത്തുകാരന്റെ പക്ഷത്തുനിന്നുണ്ടാകുന്ന മറുപടിയെക്കുറിച്ച് എനിക്ക് വലിയ സംശയമില്ലാത്തത്.
എഴുത്തുകാരന്റെ ഈ പ്രതികരണം സർവഥാ ശരിയാണ്. ഇന്ന തരത്തിൽ, ഇന്ന രീതിയിൽ, ഇന്ന ലക്ഷ്യത്തോടെ എഴുതണമെന്ന് എഴുത്തുകാരനെ ഉദ്ബോധിപ്പിച്ചിട്ടില്ലാത്ത ചിന്തകന്മാരോ നേതാക്കളോ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. സാഹിത്യം രചിക്കുമ്പോഴാകട്ടെ, ഇതൊന്നും ഒരു നിമിഷമെങ്കിലും ഓർത്തുകഴിയാൻ ഒരെഴുത്തുകാരന് സാധ്യമല്ല. ഈ ചിന്തക-നേതൃമാഹാശയന്മാരോട് എത്ര ബഹുമാനമുണ്ടായാലും, അതവന് സാധിക്കുകയില്ല. എഴുത്തുകാരന്റെ ഹതവിധിയാണ് ഇത്. ഇതുമൂലം ഒരു ചിന്തകനും നേതാവിനും ഒരെഴുത്തുകാരനെയും പൂർണ്ണമായി ഇഷ്ടപ്പെടുവാൻ കഴിയുന്നില്ല. വാല്മീകിയെ ശ്രീരാമനോ കാളിദാസനെ സമുദ്രഗുപ്തനോ ഷെയ്ക്സ്പിയറെ എലിസബത്തിന്നോ ടോൾസ്റ്റോയിയെ ലെനിനോ തീർത്തും പ്രിയമായിരുന്നുവെന്ന് എങ്ങനെ പറയും? എഴുതിവരുമ്പോൾ എഴുത്തുകാരൻ ആരു പറഞ്ഞതുപോലെയുമായിരിക്കില്ല എഴുതിയിട്ടുണ്ടാവുക. അഥവാ, ആരെങ്കിലും പറഞ്ഞതുപോലെ വല്ലവരും എഴുതിയിട്ടുണ്ടെങ്കിൽ, അത് മുന്തിയ എഴുത്തായിരിക്കില്ല. നല്ലതും ചീത്തയുമായി സാഹിത്യത്തെ വേർതിരിക്കാൻ പറ്റിയ ഒരു മാനദണ്ഡം ഈ ചിന്തയിൽനിന്ന് നമുക്ക് കിട്ടുന്നുണ്ട്. എഴുത്തുകാരൻ തന്റെ അന്തശ്ചേതനയുടെ നിയോഗത്തിനനുസരിച്ച് എഴുതിപ്പോകുമ്പോൾ നല്ല സാഹിത്യവും ആരോ പറഞ്ഞത് കേട്ട് അപ്പടി എഴുതുമ്പോൾ ചീത്ത സാഹിത്യവും ഉണ്ടാവുന്നു.
എഴുത്തുകാരൻ തന്റെ അന്തശ്ചേതനയുടെ നിയോഗത്തിനനുസരിച്ച് എഴുതിപ്പോകുമ്പോൾ നല്ല സാഹിത്യവും ആരോ പറഞ്ഞുകേട്ട് അപ്പടി എഴുതുമ്പോൾ ചീത്ത സാഹിത്യവും ഉണ്ടാകുന്നു.
എഴുത്തുകാരനെ ഉപദേശിക്കുകയല്ല
അതിനാൽ എഴുത്തുകാരനോട് വല്ലതും ഉപദേശരീത്യാ പറയാൻ പോകുന്ന ഉദ്ബോധകനോട് സഹിഷ്ണുത അധികം പ്രകടിപ്പിക്കാത്ത ഭാഷയിൽ എഴുത്തുകാരൻ മറുപടി പറയുമെന്ന് സ്പഷ്ടമാണ്. അപ്പോൾ മുഷിഞ്ഞിട്ട് ഫലമില്ല.
ഞാൻ മുഷിഞ്ഞിട്ടില്ല. എന്തെന്നാൽ ഞാൻ ഈ മറുപടി പ്രതീക്ഷിച്ചതാണ്; അത് ന്യായമാണെന്ന് സമ്മതിക്കുന്ന ആളുമാണ്.
ഞാൻ എഴുത്തുകാരനോട് പറയാൻ ഉദ്ദേശിച്ചത് ഇതല്ല. എഴുത്തുകാരന്റെ എഴുത്തിനെപ്പറ്റി പറയുകയല്ല എന്റെ ഉദ്ദേശം. അതിനാൽ തന്റെ എഴുത്തിനെ നിയന്ത്രിക്കുവാൻ വരുന്നവരെപ്പറ്റിയുള്ള ദുശ്ശങ്കയോടുകൂടെ എന്നെ ആരും നേരിടുന്നത് ശരിയല്ല. നമ്മുടെ എഴുത്തുകാരുടെ രചനകൾക്ക് നിലവാരം പോരാത്തതുകൊണ്ട് അല്പം ഉദ്ബോധനം നൽകി സ്ഥിതി നന്നാക്കിക്കളയാമെന്ന ഉദ്ദേശത്തോടല്ല ഞാനിപ്പറയുന്നത്. നിലവാരമുണ്ടെന്ന അഭ്യൂഹത്തിന്റ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത്. എഴുത്തുകാരൻ ഉയർന്ന സാഹിത്യമൂല്യമുള്ള സൃഷ്ടികൾ ഉണ്ടാക്കണമെന്ന് അപ്രതിഷേധ്യമായ ആവശ്യം തന്നെ. അതോടുകൂടെ അദ്ദേഹത്തിന്റെ കർത്തവ്യം അവസാനിച്ചോ? എനിക്ക് ചോദിക്കാനുള്ള ചോദ്യം അതാണ്.
സാഹിത്യവും ജീവിതവും അവസാനിക്കുന്നില്ല എന്ന അഭിപ്രായക്കാരനാണ് ഈ ലേഖകൻ. എഴുതേണ്ടത് എഴുതിക്കഴിഞ്ഞാലും എഴുത്തുകാരന് കർത്തവ്യനിർവ്വഹണ സംതൃപ്തിയോടെ കിടന്നുറങ്ങാൻ പറ്റില്ല. എഴുത്തുകാരൻ മനുഷ്യനാണെങ്കിൽ, സംശയമില്ല! എങ്കിൽ എഴുത്തുകാരനെന്ന നിലയ്ക്കുള്ള കർത്തവ്യം നിർവ്വഹിച്ചു തീരുന്നതോടെ എഴുത്തുകാരനായ മനുഷ്യന്റെ കർത്തവ്യം തീരുന്നില്ല. അതുകൊണ്ട് മികച്ച സാഹിത്യസൃഷ്ടി ചെയ്യുന്നതോടെ തന്റെ കൃത്യം ചെയ്തുകഴിഞ്ഞു എന്ന് വിചാരിച്ച് നിദ്രയിലായിക്കിടക്കുന്ന എഴുത്തുകാരൻ തന്നിലെ മഹനീയമായ മനുഷ്യത്വത്തെ നിരാകരിക്കുന്നു. ഒരു വ്യക്തിയുടെ സാഹിത്യകാരവ്യക്തിത്വം അയാളുടെ മാനുഷികവ്യക്തിത്വത്തിന് സമാനമോ സമപരിമാണമോ അല്ലെന്ന് ചുരുക്കം.
എല്ലാ കലകളും മനുഷ്യസമുദായത്തിന്റെ ഉദയകാലത്തിൽ ജീവിതവൃത്തികളായിരുന്നു. ആനന്ദകുമാരസ്വാമി ഈ ആശയത്തെ, ഭാരതീയ പാരമ്പര്യം ചൂണ്ടിക്കാണിച്ചുകൊണ്ട്, വളരെയേറെ വിശദീകരിക്കുകയുണ്ടായി. ഏത് കലയും അഥവാ വൃത്തിയും ആത്മസമർപ്പണമായിരിക്കുമ്പോൾ മാത്രമേ പൂർണ്ണമാകുന്നുള്ളൂ. പക്ഷേ, മനുഷ്യജീവിതം ഒരൊറ്റ വൃത്തികൊണ്ട് ഒതുക്കിക്കളയാവുന്നതല്ല. പാട്ടുപാടുന്നവന് ജീവിതത്തിൽ പാട്ടുപാടിക്കൊണ്ടു മാത്രം കടന്നുപോകുവാൻ സാധ്യമല്ല. ജീവിതം അത്ര സരളമല്ല. ചിന്തകന് ചിന്തിച്ചിരുന്നുകൊണ്ട് ജീവിതം ഒടുക്കുവാനാവില്ല. പിതാവ്, ഭർത്താവ്, ഭാര്യ, ആചാര്യൻ, പൗരൻ, സഹോദരൻ എന്നിങ്ങനെ അനേകം നിലകളിൽ നാം ചുറ്റുമുള്ള പ്രപഞ്ചത്തോടും മനുഷ്യസമൂഹത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ഉൾക്കൊള്ളുന്ന സങ്കീർണ്ണതയാണ് ജീവിതം. വിശ്വചിന്തകനായ സോക്രട്ടീസ് സ്വന്തം നാട്ടിനുവേണ്ടി, ആൽസിബിയാഡിസിന്റെ പട്ടാളത്തിൽ ചേർന്ന്, യുദ്ധം ചെയ്യുകയുണ്ടായി. വാല്മീകി താപസനായിരുന്നു: രാജാവിന്റെ അധർമ്മത്തെ ആ താപസൻ ചോദ്യം ചെയ്തു. മനുഷ്യന് ഭിന്നാവസ്ഥകളിൽ ഭിന്നപുരുഷാർത്ഥങ്ങൾ അനുസരണീയങ്ങളായുണ്ടെന്ന് വർണ്ണിച്ച കാളിദാസൻ സ്വന്തം ജീവിതത്തെ കവനകർമ്മത്തിൽ മാത്രം തള്ളിയിട്ടിരിക്കുമെന്ന് ഊഹിക്കുന്നത് ആശാസ്യമല്ല. തന്റെ ഗാനങ്ങളെ കൊണ്ട് പത്മാനദിയെ സുരതരംഗിണിയാക്കി മാറ്റിയ രവീന്ദ്രനാഥ ടാഗോർ തന്റെ ജീവിതത്തിന്റെ ആത്യന്തികമായ കടമകൾ നിറവേറ്റാൻ വിശ്വഭാരതി സ്ഥാപിച്ചു. എഴുത്തച്ഛൻ ചിറ്റൂർ ഗുരുമഠത്തിലെ ആചാര്യനായിരുന്നു. ആശാൻ സമുദായസേവനം ചെയ്യാൻ മടിച്ചില്ല. വള്ളത്തോൾ സ്വാതന്ത്ര്യസമരത്തിലും കേരളീയകലോദ്ധാരണത്തിലും ശ്രദ്ധ ചെലുത്തി. ഉള്ളൂർ ആതുരശുശ്രൂഷയിൽ ചാരിതാർത്ഥ്യം കണ്ടെത്തി.
ഏകമുഖനായ മനുഷ്യൻ അല്പനും നിസ്സാരനും കപടനും വികലനും ആണ്. മനുഷ്യന് അനേകം കടമകളുണ്ട്. കടം വീട്ടലാണ് കടമ. കടങ്ങൾ പലതെങ്കിൽ കടമകളും പലതുതന്നെ. വാക്കിനോടും സ്വന്തം സങ്കല്പങ്ങളോടുമുള്ള കടമ മാത്രമേ സാഹിത്യസൃഷ്ടികൊണ്ട് തീർക്കാൻ കഴിയുകയുള്ളു.
ദന്തഗോപുരം—എത്രത്തോളം
“ഞാൻ കവിതയെഴുതും, ജീവിക്കുന്നതാകട്ടെ വേലക്കാരന്റെ വേലയാണ്” എന്ന് വില്ലിയേ (Villiers de l’Isle-Adam) എന്ന ഫ്രഞ്ച് കവിയുടെ ആക്സൽ (Axel) എന്ന കഥാപാത്രം ഘോഷിച്ചു. ഫ്രഞ്ചുസാഹിത്യം നശിക്കാൻ നിശ്ചയിച്ച കാലമായിരുന്നു അത്. ഈ ചിന്ത പിന്തുടർന്നാൽ നമ്മുടെ സാഹിത്യം ജീവിക്കില്ല. ജീവിതം സമഗ്രമാണ്, അനേകമുഖമാണ്. എല്ലാ മുഖങ്ങളെയും തൃപ്തിപ്പെടുത്തേണ്ടിവരും. ഏകമുഖനായ മനുഷ്യൻ അല്പനും നിസ്സാരനും കപടനും വികലനുമാണ്. സാമ്പത്തിക മനുഷ്യനെ സൃഷ്ടിച്ച ധനതത്ത്വശാസ്ത്രജ്ഞന്മാരും രാഷ്ട്രീയ മനുഷ്യനെ കണ്ടുപിടിച്ച രാഷ്ട്രമീമാംസകരും തെറ്റിപ്പോയെന്ന് പിന്നീട് തെളിയിക്കപ്പെട്ടെങ്കിൽ സാഹിത്യമനുഷ്യനെയോ കലാമനുഷ്യനെയോ ഉണ്ടാക്കുവാൻ വല്ലവരും മെനക്കെടുന്നുണ്ടെങ്കിൽ അത് മൗഢ്യവിലാസമേ ആവുകയുള്ളൂ. മനുഷ്യന് അനേകം കടമകളുണ്ട്. കടം വീട്ടലാണ് കടമ. കടങ്ങൾ പലതെങ്കിൽ കടമകളും പലതുതന്നെ. വാക്കിനോടും സ്വന്തം സങ്കല്പങ്ങളോടുമുള്ള കടമ മാത്രമേ സാഹിത്യസൃഷ്ടികൊണ്ട് തീർക്കുവാൻ കഴിയുകയുള്ളൂ. കുടുംബത്തോടും താൻ പിറന്ന ഗ്രാമത്തോടും തന്റെ രാഷ്ട്രത്തോടും സമൂഹത്തോടും ഭൂമിയോടാസകലവും മനുഷ്യന് കടമയുണ്ട്. അവയെല്ലാം തീർക്കുകതന്നെ വേണം. പ്രാചീന ഭാരതീയർ ഇവയെ ഋണങ്ങൾ എന്നു വിളിച്ചു. പരലോകത്തോടുപോലും ഋണബന്ധമുണ്ടെന്ന് അവർ പ്രഘോഷിച്ചു.
ഇന്ന് എഴുത്തുകാരന് ദീനമായ ഒരു സമൂഹത്തിന്റെ നിസ്സഹായതയെ പരിഹരിക്കുവാനും അനീതിയുടെ പടത്തേരിൽ കയറി പാവങ്ങളെ കുതിരകയറ്റി സ്വാർത്ഥത്തിന്റെ വെള്ളിക്കൊടി പാറിച്ച് ഭൂമിയിൽ അകാലതമസ്സ് സൃഷ്ടിക്കുന്ന ദുർഭരണവേതാളങ്ങളെ നശിപ്പിക്കുവാനുമുള്ള കടമയുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എഴുത്ത് മിക്കപ്പോഴും വർത്തമാനകാലത്തോട് സംസാരിക്കുവാൻ അപ്രഗല്ഭമാണ്. അത് ദണ്ഡിയുടെ ഭാഷയിൽ, ‘കല്പാന്തര’ങ്ങളോട് സംവദിക്കുന്നു. അഥവാ, ഹെർബർട്ട് റീഡ് പറഞ്ഞതുപോലെ, അത് കാലദേശസീമകളെ ലംഘിച്ച് പ്രവർത്തിക്കുന്നു. പക്ഷേ, കാലദേശസീമകൾക്കുള്ളിൽ വർത്തമാനത്തിന്റെ കൂർത്ത ശരങ്ങളേറ്റ് പിടയുന്ന മനുഷ്യനോടുള്ള കടമ കല്പാന്തരങ്ങളിലേക്ക് നീട്ടിവെക്കാനാവുകയില്ല. നാമും നമ്മുടെ എഴുത്തും അർത്ഥപൂർണ്ണമാകുന്നത് “കാലിനടിയിലെ അസ്വസ്ഥതകളെ” നേരിട്ട് ജയിക്കുമ്പോഴായിരിക്കും.
ദന്തഗോപുരം എന്ന് നാം കേട്ടിട്ടുണ്ടല്ലോ. ഫ്രഞ്ചുസാഹിത്യത്തിൽ നിന്ന് കടന്നുവന്ന ഈ സങ്കല്പം ഉണ്ടാക്കുന്നത്, സാഹിത്യരചനയ്ക്ക് വേണ്ടി എഴുത്തുകാരൻ സ്വന്തം പ്രതിഭയുടെ അന്തർലോകത്തിൽ ചെന്നിരുന്ന് കണ്ണടച്ച് ശ്രദ്ധ കേന്ദ്രീകരിച്ചു കഴിയുന്ന രചനാതപസ്സിനെയാണ്. ഇത് തെറ്റായ നിലപാടല്ല എന്നെനിക്ക് തോന്നുന്നു. പക്ഷേ, എപ്പോഴും ദന്തഗോപുരവാസിയായി കഴിയുകയും ദന്തഗോപുരം മാത്രമാണ് മനുഷ്യജീവിതം എന്നും തന്റെ കല്പനാലോകത്തിനപ്പുറത്ത് ലോകമില്ലെന്നും കരുതുന്നത് ദോഷകരമായിരിക്കും. വാല്മീകിമഹർഷി രാമായണരചനയുടെ അന്തർദീപ്തി തെളിഞ്ഞ ഘട്ടത്തിൽ വാൽമീകവാസിയായിരുന്നു. ഭാരതീയന്റെ വല്മീകം തന്നെ പാശ്ചാത്യന്റെ ദന്തഗോപുരം. പക്ഷേ, രാമായണരചനയ്ക്ക് മുമ്പും പിമ്പും വാല്മീകി വല്മീകത്തിൽ ഒളിച്ചുകഴിയുകയായിരുന്നില്ല.
കലാപ്രവർത്തനം മാത്രം ആണ് ജീവിതം എന്ന് സിദ്ധാന്തിച്ച്, ഒടുക്കം ജീവിതം എന്നൊന്ന് ഇല്ലെന്നും കലാപ്രവർത്തനം മാത്രമേയുള്ളുവെന്നും കരുതുന്നവർക്ക് കലയും ജീവിതവും ഒന്നിച്ചു നഷ്ടമായിപ്പോയേക്കാം. വാക്കിനെ കലയാക്കുന്നവർക്ക് ജീവിതത്തെ കലയാക്കുന്ന കടമയിൽനിന്ന് മാറിനിൽക്കാനാവില്ല.
തൂലിക പടവാളാക്കേണ്ട
എപ്പോഴും ചിതൽപുറ്റിനുള്ളിൽ അസ്തബോധനായി കിടന്നു കഴിയരുതെന്നാണ് എന്റെ വിനീതമായ പ്രാർത്ഥന. വാല്മീകിമഹർഷിയെപ്പോലെ ചിതൽപുറ്റിനുള്ളിൽനിന്ന് വെളിയിൽ കടന്ന് മർദ്ദിതമായ മനുഷ്യത്വത്തിനുവേണ്ടി രാജകീയാധികാരത്തെ ചോദ്യംചെയ്ത് സത്യവും നീതിയും പുനഃസ്ഥാപിക്കുവാൻ എഴുത്തുകാർ മുന്നോട്ടുവരണം. അവരുടെ ദിവ്യാവതാരത്തിനുവേണ്ടി ദയനീയമായി ഈ യുഗം കേഴുന്നു. അതിനായി തൂലിക വലിച്ചെറിയേണ്ടതില്ല. തൂലികയെ പടവാളാക്കേണ്ടതുമില്ല. ഈ യുദ്ധം ഒരു ഘട്ടം തീരുമ്പോൾ തൂലിക വീണ്ടും ഉപയോഗിച്ച് നമ്മുടെ കലാപ്രവർത്തനം തുടരാം. പക്ഷേ, കലാപ്രവർത്തനം മാത്രമാണ് ജീവിതം എന്ന് സിദ്ധാന്തിച്ച്, ഒടുക്കം ജീവിതം ഒന്നുമില്ലെന്നും കലാപ്രവർത്തനം മാത്രമേയുള്ളൂ എന്നും കരുതുന്നവർക്ക് ഒടുവിൽ കലയും ജീവിതവും ഒന്നിച്ച് നഷ്ടമായിപ്പോയേക്കും. ഇന്ന് ഈ ഉന്മൂലനാശം ആരംഭിച്ചുവോ എന്ന് ഞാൻ ചോദിക്കുന്നു. തൂലിക പടവാളാക്കാനല്ല, പടവാൾ എടുക്കേണ്ട ഘട്ടത്തിൽ ‘ഞാൻ തൂലികയല്ലാതെ മറ്റൊന്നും എടുക്കുകയില്ല’ എന്ന് വാശിപിടിച്ചു കളയരുത് എന്നേയുള്ളൂ എന്റെ നിലപാട്. വാക്കിനെ കലയാക്കുന്നവർക്ക് ജീവിതത്തെ കലയാക്കുന്ന കടമയിൽനിന്ന് മാറിനിൽപ്പാൻ പറ്റില്ല എന്നേ എനിക്ക് പറയാനുള്ളൂ.
മഹാകവികളായ കുമാരനാശാനും വള്ളത്തോളും പാവങ്ങൾക്കുവേണ്ടി സ്വരമുയർത്തിയപ്പോൾ അത് അല്പം പരുക്കനായിപ്പോയോ എന്ന് ശങ്കിച്ച് മാന്യന്മാരോട് ‘മാപ്പ്’ ചോദിക്കുകയുണ്ടായി—“ഉദ്ദേശശുദ്ധിയാൽ മാപ്പുനൽകിൻ”, “പാഴ് വാക്കിതിന്നരുൾക മാപ്പ്…”.
കവിതയില്ലാത്ത ഈയുള്ളവൻ ഈ മഹാകവി വചനങ്ങളുടെ മറവിൽ നിന്നുകൊണ്ട് മാപ്പ് ചോദിച്ച് വിരമിച്ചുകൊള്ളട്ടെ!
1986 സെപ്റ്റംബർ 14 മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച സുകുമാർ അഴീക്കോട് എഴുതിയ ലേഖനം.
©Mathrubhumi/1986
In Brief: A 1986 Mathrubhumi essay by Sukumar Azhikode argues that a writer’s duty does not end with literary creation — as a human being, the writer carries obligations to family, society, and the oppressed that cannot be deferred to eternity. Cautioning against the ivory-tower ideal of art for art’s sake, he calls on writers to step out of creative solitude and confront injustice, not by abandoning the pen but by refusing to hide behind it when the times demand engagement.


