Sheela
സിനിമാമാസിക

സത്യൻസാറിനെപ്പറ്റി എഴുതാൻ ഇനി എനിക്ക് വയ്യ. എഴുതാൻ പേനയെടുക്കുമ്പോൾ ആ മുഖം എന്റെ മുൻപിൽ തെളിഞ്ഞുവരുന്നു. അവസാനം ഞങ്ങളൊന്നിച്ച് ആലപ്പുഴയിലെ ഷൂട്ടിംഗ് കഴിഞ്ഞ് മദ്രാസിലേക്ക് വിമാനത്തിൽ പോകുമ്പോൾ എന്റെ വിഷമങ്ങളേയും വേദനകളേയും കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത്, മോളേ, എനിക്ക് പെൺമക്കളില്ലാത്ത ദുഃഖം നീ തീർത്തിരിക്കുകയാണ്, നീ എന്റെ മോളാണ് എന്നാണ്. അത് പറയുമ്പോഴത്തെ സത്യൻസാർ ഇപ്പോഴും എന്റെ മുൻപിലുണ്ട്. ഒരച്ഛനും, ജ്യേഷ്ഠനുമാണെനിക്ക് നഷ്ടപ്പെട്ടത്.

എന്റെ ആദ്യചിത്രമായ ഭാഗ്യജാതകത്തിൽ സത്യൻസാറുമൊത്തഭിനയിച്ചപ്പോഴും എനിക്കിതുപോലെ ഉപദേശവും പ്രോത്സാഹനവും തന്ന സത്യൻസാർ ഇന്നില്ല. മലയാളചലച്ചിത്രരംഗത്ത് ഇനി അതുപോലെ ഒരു മനുഷ്യനൊട്ടുണ്ടാവുകയുമില്ലെന്ന് ഞാൻ കരുതുന്നു.

ഭാഗ്യജാതകത്തിന്റെ സെറ്റിൽ ആദ്യരാത്രിരംഗങ്ങളാണ് ആദ്യം ഷൂട്ടു ചെയ്തത്. മധുവിധുരാത്രിയിലെ മണവറയിലേക്ക് പാലുമായി ചെല്ലുന്ന എന്നെ കാത്തിരിക്കുകയാണ് സത്യൻസാർ. ഞാൻ ചിരിച്ചുകൊണ്ടാണ് ആ രംഗം അഭിനയിക്കേണ്ടത്. ഞാൻ വാ തുറന്ന് ചിരിച്ചില്ല. കാരണം ചിലരൊക്കെ എന്റെ പല്ലുകൾ ക്രമം തെറ്റിയതാണെന്നും ചിരിച്ചാൽ അഭംഗി ആയിരിക്കുമെന്നും പറഞ്ഞതുകൊണ്ടായിരുന്നു ഞാൻ വാ തുറന്ന് ചിരിക്കാൻ മടിച്ചത്. ആ ഷോട്ട് തീർന്നപ്പോൾ സത്യൻസാർ ചോദിച്ചു, ‘നീ എന്താണ് വാ തുറന്ന് ചിരിക്കാത്തത്’? ഞാൻ മടിച്ചെങ്കിലും കാര്യം തുറന്നു പറഞ്ഞു. അതുകേട്ട് ചിരിച്ചുകൊണ്ട് സത്യൻസാർ പറഞ്ഞു, ‘മഠയിപ്പെണ്ണേ, നിന്റെ പല്ലിന് സൗന്ദര്യക്കുറവൊന്നുമില്ല. നല്ലതുപോലെ ചിരിക്കണം. എന്നാലേ അഭിനയം നന്നാവൂ. ശരി, നീ ഒന്ന് ചിരിക്ക് കാണട്ടെ.’ സത്യൻസാറിന്റെ പറച്ചിൽ കേട്ടപ്പോൾ ഞാൻ ചിരിച്ചുപോയി. അങ്ങനെ അന്ന് ചിരിപ്പിച്ച സത്യൻസാർ ഇന്ന് എന്നെ കരയിക്കുകയാണ്.

sheela sathyan page from cinemamasika 1971

സത്യൻ സാറിനോടൊപ്പം ഞാൻ നാല്പത്തിമൂന്ന് ചിത്രങ്ങളിലഭിനയിച്ചു. ഞാനാണ് അദ്ദേഹവുമായി ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. കരിനിഴലിന്റെ ഷൂട്ടിംഗ് നടക്കുന്ന അവസരത്തിൽ അദ്ദേഹത്തിന് എന്നെ എടുത്തുപൊക്കേണ്ട ഒരു രംഗമുണ്ട്. എന്റെ അച്ഛനായിട്ടാണ് അദ്ദേഹം അതിലഭിനയിച്ചത്. അന്ന് കൈ ഉയർത്താൻ വയ്യാത്തവിധത്തിൽ കയ്യിൽ ഒരു ചെറിയ മുറിവുണ്ടായിരുന്നു. കാർ ആക്സിഡന്റിലോ മറ്റോ പറ്റിയതാണ്. ആ രംഗം അദ്ദേഹത്തിന് കൈ വയ്യാത്തതുകൊണ്ട് എന്തു ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട് നിൽക്കുന്നതിനിടയ്ക്ക് സത്യൻസാർ എന്നെ എടുത്തുപൊക്കി. ക്യാമറാമാൻ ഷൂട്ടുചെയ്തു. ഷൂട്ടുചെയ്തുകഴിഞ്ഞപ്പോൾ കയ്യിലെ മുറിവിലൂടെ രക്തം ഒഴുകുന്നു. ഡോക്ടർ വിലക്കിയാലും ആരു വിലക്കിയാലും ‘കാൾഷീറ്റ്’ കൊടുത്താൽ അത് കൃത്യമായി പാലിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു വീഴ്ചയുമുണ്ടായിരുന്നില്ല.

ശരശയ്യയിൽ എന്റെ മടിയിൽ തലവെച്ച് സത്യൻസാർ മരിക്കുന്ന രംഗം ഷൂട്ടുചെയ്തു. (അതു പിന്നീട് മാറി) ആ രംഗത്ത് യഥാർത്ഥത്തിൽ ഞാൻ കരയുകയായിരുന്നു. എന്തു കാര്യമായാലും മുഖത്തുനോക്കി വെട്ടിത്തുറന്നു പറയുന്ന സത്യൻസാർ ഞങ്ങൾക്കൊക്കെ ഒരാശ്വാസമായിരുന്നു. സത്യൻസാറിനെ ഞാൻ ഭയപ്പെട്ടിരുന്നു. ബഹുമാനിച്ചിരുന്നു. ഒരച്ഛനെപ്പോലെയോ ചേട്ടനെപ്പോലെയോ ശാസിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന സത്യൻസാർ ഇന്നില്ല. ചെമ്മീനിലെ പളനിയെപ്പോലെ പുറമേ പരുക്കൻ മട്ടുകാരനായ സത്യൻസാർ പളനിയെപ്പോലെതന്നെ ശുദ്ധനും നല്ലവനുമായിരുന്നു. ആ സത്യൻസാർ ഇന്നില്ലെന്ന് എനിക്ക് വിശ്വസിക്കാൻ വയ്യ. ഒരു പിടി ദുഃഖസ്മരണകൾ മാത്രമാണ് ഇന്നുള്ളത്.


1971 ഓഗസ്റ്റ് 01 സിനിമാമാസിക പ്രസിദ്ധീകരിച്ച സത്യൻ പതിപ്പിൽ നടി ഷീല സത്യനെ അനുസ്മരിച്ച് എഴുതിയ കുറിപ്പ്.
©CinemaMasika/1971

In Brief: A 1971 CinemaMasika tribute by actress Sheela mourns the loss of Sathyan, her most frequent co-star across 43 films, recalling him as a father figure who encouraged her to smile freely on screen, pushed through a bleeding hand injury to complete a shoot, and offered her unfailing warmth and candour — qualities she says Malayalam cinema would never see again.