
ക്രൂരമായ അവസാനത്തെ സ്മാഷ്
1987 ഡിസംബർ 1 ചൊവ്വ, സമയം രാത്രി 7:45.
അടുത്ത ടേബിളിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു — ജിമ്മി ജോർജിനെ പറ്റി ഒരു കുറിപ്പ് എഴുതണം. പെട്ടെന്ന് ഒന്ന് അമ്പരന്നു. എന്തിന് ജിമ്മിയെ പറ്റി ഇപ്പോൾ ഒരു കുറിപ്പ്? ഈ ചോദ്യം നിറഞ്ഞ മുഖം കണ്ടാവണം. നേരെ നോക്കാതെ എതിരാളിയുടെ മറുപടി — ജിമ്മി മരിച്ചുപോയി. കാർ ആക്സിഡന്റ്. ഇറ്റലിയിൽ വച്ച്, വേറൊരു കാറിനെ ഓവർടേക്ക് ചെയ്ത ജിമ്മിയുടെ കാറിൽ ഒരു ട്രക്ക് വന്നിടിച്ചു.
അതുകേട്ട് ഞെട്ടുകയായിരുന്നില്ല, നടുങ്ങുകയായിരുന്നു.
പണ്ടൊരിക്കൽ മാനാഞ്ചിറയിൽ വച്ച് ജിമ്മിയുടെ സ്മാഷ് കണ്ടു നടുങ്ങിയത് പോലെ. ആ നടുക്കത്തിൽ നിന്നും മോചിതമായ നിമിഷം, മനസ്സിൽ സംശയം — അവിശ്വാസം. വെറുതെയാവും, ഇതൊരു നുണക്കഥയായിരിക്കും. പക്ഷേ പിന്നീട് ബോധ്യമായി — ജിമ്മി ജോർജ് മരിച്ചു പോയിരിക്കുന്നു.
ഓർമ്മകളിൽ പോലും കിടുങ്ങിപ്പോകുന്ന ആ സ്മാഷുകൾ ഇന്ന് ഇന്നലെയുടെ കഥ മാത്രമായിരിക്കുന്നു. ജിമ്മിയെ നേരിട്ട് പരിചയമില്ലായിരുന്നു, പക്ഷേ പരിചയമുള്ള പലരും പറഞ്ഞറിയാം — ജിമ്മി നല്ലവനായിരുന്നു. എന്നാൽ ദൈവം നല്ലവർക്ക് ഈ ഭൂമിയിൽ അധികനാൾ വിധിക്കില്ലല്ലോ.
യു.എ.ഇ. യിൽ വച്ച് ജിമ്മിയെ പരിചയപ്പെട്ട വെട്ടുറോഡ് അഷ്റഫ് പറഞ്ഞ കഥ കേൾക്കൂ. “ചെയ്ത കുറ്റം എന്തെന്നറിയില്ല. എന്റെ ഒരു സ്നേഹിതനെ ഒരു ദിവസം യു.എ.ഇ പോലീസ് പിടിച്ചുകൊണ്ടുപോയി. ജാമ്യം ചോദിച്ചു തന്നില്ല. ചെയ്ത കുറ്റം എന്തെന്ന് പലതവണ ആരാഞ്ഞു, പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞു. അപ്പോഴാണ് ജിമ്മിയുടെ കാര്യം ഓർത്തത്. യു.എ.ഇ പോലീസിൽ ജോലിയുള്ള ജിമ്മിയെ ചെന്നു കണ്ടാലോ എന്ന് വിചാരിച്ചു. രാത്രിയിൽ ജിമ്മിയുടെ താമസ സ്ഥലത്ത് ചെന്നപ്പോൾ മാനുവൽ പറഞ്ഞു — ജിമ്മി പോയിരിക്കുന്നു, കളിയുണ്ട്, വരാൻ വൈകും. ഞാനൊരു കുറിപ്പ് എഴുതി ജിമ്മിക്ക് കൊടുക്കുവാൻ മാനുവലിനെ ഏൽപ്പിച്ചു. ഞാൻ പോരുമ്പോൾ അർദ്ധരാത്രി കഴിഞ്ഞു. കാലത്ത് ഏഴ് മണിക്ക് വീണ്ടും ജിമ്മിയുടെ ഫ്ലാറ്റിൽ എത്തി. എനിക്കറിയേണ്ട കേസിന്റെ പൂർണ്ണ വിവരം ഒരു കടലാസിൽ കുറിച്ച് കയ്യിൽ വെച്ച് തന്നെയായിരുന്നു ജിമ്മി പറഞ്ഞത്. ഈ വിവരം അറിയിക്കാൻ വരാൻ തുടങ്ങുകയായിരുന്നു. കളി കഴിഞ്ഞ് എത്തുമ്പോൾ രാത്രി രണ്ട് മണിയായിരുന്നു. വെളുപ്പിന് പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ പോയി കേസ് ഫയൽ തപ്പി വിവരമെടുത്ത് വന്നതേയുള്ളൂ.
ഇത് അഷറഫ് പറഞ്ഞ കഥ. അഷറഫിനെ പോലെ ജിമ്മിയെ അറിയാവുന്ന ഓരോരുത്തർക്കും പറയാൻ ഓരോ കഥകൾ ഉണ്ട്.
പേരാവൂരിൽ അഡ്വക്കേറ്റ് ജോർജ് ജോസഫിന്റെയും മേരിയുടെയും മകനായി 33 വർഷം മുമ്പ് ജനിച്ച ജിമ്മിയെ വോളിബോളിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് അച്ഛനും അമ്മയും തന്നെയായിരുന്നു. വോളിബോളിനെ സ്നേഹിച്ച അച്ഛനും അമ്മയും തങ്ങളുടെ പത്ത് മക്കളെയും വോളിബോൾ കളിക്കാൻ പഠിപ്പിച്ചു. ഇവരിൽ ജിമ്മി രാജ്യാന്തരങ്ങളിൽ വരെ കീർത്തിയെത്തിച്ചു. ജോസും സെബാസ്റ്റ്യനും ദേശീയ കുപ്പായമണിഞ്ഞിറങ്ങി. ബൈജുവും മാത്യുവും സ്റ്റാൻലിയും ബെന്നിയും വിന്നിയും സ്റ്റേറ്റ് ടീമിന് വേണ്ടി കളിച്ചു. ഈ എട്ടുപേരും ചേർന്ന് കഴിഞ്ഞ മെയിൽ ആണെന്ന് തോന്നുന്നു, ഒരു പ്രദർശന വോളി മത്സരം കേരള ഇലവനെ തോൽപ്പിച്ചു വിട്ടു.

പേരാവൂരിൽ നിന്നും ദേവഗിരി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കാൻ എത്തിയപ്പോഴാണ് ജിമ്മിയിലെ മാസ്റ്റർ സ്പൈക്കറെ കെ. ടി. ശേഖരൻ മാസ്റ്റർ എന്ന പരിശീലകൻ കണ്ടെത്തിയത്. പിന്നീട് വടകര അബ്ദുൽ റഹ്മാന്റെയും ഭാസ്കരക്കുറുപ്പിന്റെയും ഗോപിനാഥന്റെയും ശിക്ഷണം കൂടിയായപ്പോൾ ജിമ്മി ഇന്ത്യൻ വോളിബോളിലെ ഉജ്ജ്വല പ്രതിഭയായി മാറിയിരുന്നു.
പ്രീ ഡിഗ്രി കഴിഞ്ഞ് മെഡിസിന് പ്രവേശനം കിട്ടിയ ജിമ്മി ഒരു കൊല്ലമേ മെഡിസിനു പോയുള്ളൂ. മെഡിസിൻ പഠനം തുടർന്നാൽ വോളിബോൾ കോർട്ടിൽ വലിയ വിജയകഥകൾ എഴുതാൻ തനിക്ക് കഴിയാതെ പോകുമെന്ന് ജിമ്മി മനസ്സിലാക്കി. നോക്കൂ, അഡ്മിഷൻ കിട്ടാൻ വേണ്ടി കളിയെ മറയാക്കുന്ന തട്ടിപ്പുകാരുടെ ഇടയിലും ജിമ്മി ഒറ്റപ്പെട്ടു നിൽക്കുന്നത്!
കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ, കേരള യൂണിവേഴ്സിറ്റി ടീമിൽ, 1971-ൽ കേരള ടീമിൽ, പിന്നെ ഇരുപതാം വയസ്സിൽ 1974 ഇന്ത്യൻ ടീമിലും ജിമ്മി വിജയയാത്ര തുടരുകയായിരുന്നു. ടെഹ്റാൻ, ബാങ്കോക്, സോൾ ഏഷ്യാഡുകളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ജിമ്മിയെ 1976-ലാണ് അർജുന അവാർഡ് നൽകി ആദരിച്ചത്.
എട്ടുവർഷം മുൻപാണ് ജിമ്മി യുഎഇയിലേക്ക് പോയത്. അവിടെനിന്നും ഇറ്റലിയിലേക്ക് തിരിച്ചു. അഞ്ചുവർഷത്തെ പ്രൊഫഷണൽ വോളിബോൾ ജീവിതം സമ്മാനിച്ച അപാരമായ മിടുക്കുകളുമായി നാട്ടിലെത്തിയ ജിമ്മി കേരള പോലീസിന് വേണ്ടി നിരവധി വിജയങ്ങൾ കൊയ്തു. ഇതിനിടെ ലൗലിയെ വിവാഹവും കഴിച്ചു. വീണ്ടും ഈ വർഷം ആദ്യം ജിമ്മി ഇറ്റലിയിലേക്ക് പോയി. 1983ലാണെന്ന് തോന്നുന്നു, ഇറ്റലി അവിടത്തെ ഏറ്റവും മികച്ച വോളിതാരമായി ജിമ്മിയെ തെരഞ്ഞെടുത്തത്.
ഇതെല്ലാം ഇന്നും വെറും കഥകൾ, ഓർമ്മകൾ.
സത്യം മരണം മാത്രം. ഞായറാഴ്ച രാത്രിയിൽ സ്മാഷായി വന്ന മരണം മാത്രം.
എന്നാലും ജിമ്മിയുടെ കാര്യത്തിൽ നിനക്ക് അല്പം കൂടി ക്ഷമിക്കാമായിരുന്നു.
1987 ഡിസംബർ 20 ലക്കം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചത്.
©Kalakaumudi/1987
In Brief: Written in the immediate aftermath of volleyball legend Jimmy George’s tragic death in a car accident in Italy in December 1987, this poignant tribute reflects on the shock and grief that swept through Kerala and the global Malayali community. Moving beyond his achievements on the court, the essay remembers Jimmy as a gifted athlete, a compassionate friend, and a rare sportsman whose humility matched his brilliance. Through personal recollections and stories shared by those who knew him, the piece captures the sense of loss surrounding a life cut short at the height of its promise.