
തിരുവനന്തപുരം, മാർച്ച് 24
മുഖ്യമന്ത്രിയായി കെ. കരുണാകരനും മന്ത്രിസഭയിലെ അംഗമായി സി. എച്ച്. മുഹമ്മദ്‌കോയയും വെള്ളിയാഴ്ച രാവിലെ 9.45ന് രാജ്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതാണ്.
അസംബ്ലി സമ്മേളനം ചേർന്നു ബഡ്ജറ്റ് വോട്ട് ഓൺ എക്കൗണ്ട് പാസാക്കിയശേഷം ഏപ്രിൽ ആദ്യ വാരത്തിൽ മാത്രമേ പൂർണ്ണമായ മന്ത്രിസഭ സത്യപ്രതിജ്ഞയെടുക്കുകയുള്ളുവെന്നു കരുണാകരൻ പത്രപ്രതിനിധികളോടു പറഞ്ഞു.
അസംബ്ലി വിളിച്ചുകൂട്ടുന്നത് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് ആവണമെന്നാണ് വ്യവസ്ഥ. അതുകൊണ്ടാണ് തൽക്കാലം രണ്ടു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിസഭാ രൂപീകരണ കാര്യത്തിൽ കൂടുതൽ ഘടക കക്ഷികൾ തമ്മിൽ കൂടിയാലോചനക്കു വേണ്ടത്ര സമയം ലഭിച്ചിട്ടില്ല.
നേതാവിനെ തിരഞ്ഞെടുത്തതു തന്നെ ബുധനാഴ്ച രാത്രിയാണ്. മന്ത്രിമാരേയും വകുപ്പുകളേയും സംബന്ധിച്ച ചർച്ചകൾ നാളെ രാവിലെ പതിനൊന്നു മണിക്ക് തുടങ്ങുന്നതാണെന്നു കരുണാകരൻ വിശദീകരിച്ചു.
കേരളത്തിൽ കോൺഗ്രസ്സ് മുഖ്യമന്ത്രി അധികാരത്തിൽ പ്രവേശിക്കുന്നത് 1964 നു ശേഷം ആദ്യമായാണ്. 1962-ൽ ആർ. ശങ്കർ കോൺഗ്രസ്സ് മുഖ്യമന്ത്രിയായി ചാർജെടുത്തു. 1964 വരെ അദ്ദേഹം അധികാരത്തിൽ തുടർന്നു.
കഴിഞ്ഞ പത്തു കൊല്ലത്തോളമായി കോൺഗ്രസ്സ് നിയമസഭാകക്ഷിയുടെ നേതാവാണ് കരുണാകരൻ. പുതിയ അസംബ്ലിയിലെ കോൺഗ്രസ്സ് കക്ഷിയുടെ നേതാവായി വീണ്ടും അദ്ദേഹത്തെത്തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഐക്യമുന്നണി സംയുക്തകക്ഷി നേതാവുമാണ് കരുണാകരൻ. അങ്ങനെയാണ് മുഖ്യമന്ത്രിയാവുന്നത്.

1977 മാർച്ച് 25നു മാതൃഭൂമിയിൽ പ്രസിദ്ധീരകരിച്ച വാർത്ത.
©Mathrubhumi/1977
In Brief: K. Karunakaran was sworn in as Kerala Chief Minister alongside C.H. Muhammad Koya on a Friday morning at Raj Bhavan, marking the first Congress-led government in the state since 1964. A full cabinet was to be constituted only after the Assembly convened to pass a vote on account, as coalition partners needed more time for consultations.


