
‘കലാഭവനി’ൽ നിന്നും സിനിമയിലെത്തിയ കലാകാരന്മാരെ സിനിമ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സലിം കുമാറിനും ഈ ഭാഗ്യം അനുഗ്രഹമായിരിക്കുന്നു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ മത്സരത്തിൽ തുടർച്ചയായി മിമിക്രിക്ക് ഒന്നാം സമ്മാനം നേടിയ സലിം കുമാർ കലാവേണിയിലെത്തിയത് ബി.എ. പഠനം പൂർത്തിയാക്കിയ ശേഷമാണ്. രണ്ടു വർഷം ‘കലാഭവനി’ൽ സഹകരിച്ചു. പിന്നീട് ‘സാഗറി’ൽ. അത് കഴിഞ്ഞ് നാദിർഷായോടൊപ്പം ചേർന്ന് ‘കൊച്ചിൻ യൂണിവേഴ്സൽ’ എന്ന ട്രൂപ്പുണ്ടാക്കി.
ഏഷ്യാനെറ്റിൽ ‘കോമഡി പ്രോഗ്രാം’ അവതരിപ്പിച്ചിരുന്ന സലിമിനെ സിനിമയിലേക്ക് കൊണ്ടുവന്നത് നിസ്സാറാണ്, ‘മേരാ നാം ജോക്കറി’ലൂടെ. പിന്നീട് മന്നാടിയാർ പെണ്ണിന് ചെങ്കോട്ടച്ചെക്കൻ, മംഗല്യപ്പല്ലക്ക്, ഇഷ്ടദാനം, മൂന്നു കോടിയും മുന്നൂറു പവനും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യകഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയനായ സലിം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന മിക്ക ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. ഗുരുശിഷ്യൻ, സുവർണ്ണ സിംഹാസനം, പൂത്തുമ്പിയും പൂവാലന്മാരും, ന്യൂസ് പേപ്പർ ബോയ്സ് തുടങ്ങിയവയിൽ.
ഹാസ്യകഥാപാത്രങ്ങളോട് പ്രത്യേക താല്പര്യം പുലർത്തുന്ന സലിം കുമാറിന് ഒരു ഹാസ്യനടനെന്ന നിലയിൽ അറിയപ്പെടാനാണ് ആഗ്രഹം. സലിം കുമാറിന്റെ വിലാസം: കുവപ്പറമ്പിൽ, ചിറ്റാറ്റുകര, വടക്കേക്കര. പി.ഒ., പിൻ- 683522, ഫോൺ- 0484-446877.
1997 സെപ്റ്റംബർ 21 ചിത്രഭൂമിയിൽ പ്രസിദ്ധീകരിച്ചത്.
©Chithrabhoomi/1997
In Brief: A 1997 Chithrabhoomi profile introduces Salim Kumar, a mimicry artist from Kalabhavan who won consecutive first prizes at Mahatma Gandhi University competitions before transitioning to cinema through Mera Naam Joker, quickly establishing himself as a sought-after comic actor across multiple simultaneous productions.